ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരേ ക്രിമിനൽ കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ രൂക്ഷ വിമർശനം.
ആരാണ് അഭിഭാഷകനു ലൈസൻസ് നൽകിയതെന്ന് ആരാഞ്ഞ കോടതി, ഇത്തരം ഹർജികൾ ഫയൽ ചെയ്യരുതെന്ന മുന്നറിയിപ്പും നൽകി.
രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായുമുള്ള വിയോജിപ്പുകൾ ക്രിമിനൽ കുറ്റമാക്കി മാറ്റാൻ കഴിയില്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. പാർലമെന്റിൽ ഒരു നിയമം പാസാക്കിയാൽ അതു കുറ്റകൃത്യമായി മാറുമോയെന്നും കോടതി ചോദിച്ചു.